Tuesday, June 3, 2008

ഹരിപ്പാട്ടമ്പലം - അവസാന ഭാഗം

അല്‍പം കാര്യങ്ങള്‍ കൂടി പ്രതിപാദിച്ച്‌ ഈ ബ്ലോഗ്‌ പോസ്റ്റ‍ താല്‍ക്കാലികമായി അവസാനിപ്പിക്കുന്നു

.1. ആനയെ മയിലായി അവരോധിയ്ക്കുന്ന 'വാഹനപൂജ'നടത്തി പള്ളിവേട്ടയ്ക്ക്‌ ബിംബം എടുത്തുവയ്ക്കുന്ന ഒരു ചടങ്ങ്‌ ആറാട്ടുദിവസം (പത്താമുദയം)

2. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാവടിയഭിഷേകം നടക്കുന്ന ക്ഷേത്രം (തൈപ്പൂയദിനം) ഇവിടെ

3. കമ്പവിളക്കുകള്‍- കൊടിമരപ്രതിഷ്ഠ-അഗ്നിബാധ-പുനപ്രതിഷ്ഠ

"കേരളത്തിലെ പുരാതനമായ കമ്പവിളക്കുകള്‍ കൊല്ലവര്‍ഷം 941 ധനു 29 വ്യാഴാഴ്ച പൈങ്കുളം പത്മനാഭന്‍ തമ്പി തലവനായുള്ള വലിയ കുഞ്ചുക്കുട്ടപ്പുള്ളിയില്‍ വിചാരിപ്പുകാര്‍ എല്ലാവരും ചേര്‍ന്ന് പണിത്‌ സമര്‍പ്പിച്ചതും,ഇന്നു കാണുന്ന കൂത്തമ്പലം കൊല്ലവര്‍ഷം 944 മീനം 29 വെള്ളിയാഴ്ച മീനം രാശിക്ക്‌ പുണര്‍തവും പൂര്‍വ്വപക്ഷം ദശമിയും ചേര്‍ന്ന നാള്‍ വേലായുധസ്വാമിക്ക്‌ സമര്‍പ്പിച്ചത്‌ കുമാരന്‍ തമ്പി പുള്ളിയിലുള്ളവര്‍ ഒന്നു ചേര്‍ന്നാണ്‌ " എന്നും ലിഖിതങ്ങളിലൂടെ മനസ്സിലാക്കാം.

(തിരുവിതാംകൂര്‍ പടയാളികളെ കുഞ്ചുക്കൂട്ടങ്ങള്‍ എന്നും പുള്ളിപട്ടാളക്കാര്‍ എന്നും അറിയപ്പെട്ടിരുന്നു.)ഇവ രണ്ടുപക്ഷം മുമ്പ്‌ പുനര്‍ നിര്‍മ്മിക്കാന്‍ നടത്തിയ ശ്രമം വിവാദം ആയിരുന്നു.

ഇപ്പോഴുള്ളവ പുതിയതാണ്‌. ഭംഗി മുഴുവന്‍ പോയി എന്ന് ഏത്‌ നിഷ്പക്ഷമതിയും പറയും

.തിരുവിതാംകൂറില്‍ ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ്‌ തിരുമനസ്സുകൊണ്ട്‌ സിംഹാസനാരോഹണം ചെയ്തശേഷം ആദ്യമായി പണികഴിപ്പിച്ചത്‌ ഹരിപ്പാട്‌ ക്ഷേത്രത്തിലെ സ്വര്‍ണ്ണധ്വജമായിരുന്നു. ഈ സ്വര്‍ണ്ണക്കൊടിമരം കൊല്ലവര്‍ഷം 1067ല്‍ ഇടവമാസത്തില്‍ ഭഗവാന്‌ സമര്‍പ്പിച്ചതായും ധ്വജപ്രതിഷ്ഠ നടത്തിയത്‌ പുല്ലാംവഴി മണിയന്‍ പരമേശ്വരന്‍ നമ്പൂതിരിയായിരുന്നു എന്നും, പ്രതിഷ്ഠ കഴിഞ്ഞപ്പോള്‍ 90,000 രൂപ (തൊണ്ണൂറായിരം) ചെലവായതായും രേഖകളില്‍ കാണുന്നു."നാടിനെ തീരാദു:ഖത്തിലാഴ്ത്തിക്കൊണ്ട്‌ കൊല്ലവര്‍ഷം1096 വൃശ്ചികം 22 ന്‌ ഈ മഹാക്ഷേത്രത്തില്‍ അഗ്നിബാധയുണ്ടായി. രാത്രി പത്തുമണിയോടെ ദൃശ്യമായ അഗ്നി വളരെവേഗം ആളിപ്പടര്‍ന്ന് നിയന്ത്രണാതീതമായി. ഈ അഗ്നിബാധ ആദ്യമായി കണ്ടത്‌ കിഴക്കേനടയില്‍ ജൌളിവ്യാപാരം നടത്തിയിരുന്ന വീരമണി അയ്യര്‍ ആണെന്ന് പറയപ്പെടുന്നു."നാട്ടുകാര്‍ ചേര്‍ന്ന് തീയണച്ച്‌ കൂത്തമ്പലം, ഊട്ടുപുര, ഉപദേവാലയങ്ങള്‍ എന്നിവ അഗ്നിബാധയില്‍ നിന്നും രക്ഷിക്കുകയും,തന്ത്രി മുതലായവര്‍ ചേര്‍ന്ന് ഭഗവാന്റെ ചതുര്‍ബാഹു വിഗ്രഹം പീഠത്തില്‍ നിന്ന് ഇളക്കിയെടുത്ത്‌ അഗ്നിബാധയേല്‍ക്കാതെ സംരക്ഷിക്കുകയും, മനോഹരമായിരുന്ന സ്വര്‍ണ്ണക്കൊടിമരം മുറിച്ചുമാറ്റി അഗ്നി ഭക്ഷണമാക്കാതെ രക്ഷിക്കുകയും ചെയ്തു.

ശ്രീമൂലം തിരുന്നാളിന്റെ ഉത്തരവ്‌ മാനിച്ച്‌ ഇടവങ്കാട്‌ ശില്‍പികളുടെ നേതൃത്വത്തില്‍ ഇന്നു കാണുന്ന ക്ഷേത്രം നിര്‍മ്മിച്ച്‌ കൊല്ലവര്‍ഷം 1101-ാ‍ം ആണ്ട്‌ ഇടവമാസം അനിഴം നാള്‍ ശുഭമുഹൂര്‍ത്തത്തില്‍ ദേവന്റെ വിഗ്രഹം പുനപ്രതിഷ്ഠിക്കുകയും കൊല്ലവര്‍ഷം 1127 മീനം 13 ന്‌ ഇന്നുകാണുന്ന സ്വര്‍ണ്ണധ്വജത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കുകയുമുണ്ടായി. ഇടവമാസത്തിലെ അനിഴം നക്ഷത്രം വരുന്ന ദിനം ഇപ്പോള്‍ പുനപ്രതിഷ്ഠാദിനമായി ആചരിക്കുന്നു.

4.ഉത്സവബലി ദര്‍ശനത്തിന്‌ തിരക്കേറുന്നു.

രണ്ടാം ഉത്സവത്തിന്‌ ആരംഭിക്കുന്ന ഉത്സവബലി, എട്ടാം ഉത്സവം വരെ തുടരും.

ഉച്ചയ്ക്ക്‌ 12.30 നാണ്‌ ഉത്സവബലിയുടെ ചടങ്ങുകള്‍ ആരംഭിക്കുക

.ക്ഷേത്ര നാലമ്പലത്തിനകത്തും പുറത്തുമുള്ള ബലിപീഠങ്ങളില്‍ , ദേവന്റെ പരിവാരങ്ങള്‍ക്കും ഭൂതഗണങ്ങള്‍ക്കും നിവേദ്യം അര്‍പ്പിക്കുന്നതാണ്‌ ഉത്സവബലി.തന്ത്രിക്കും കഴകം, വാദ്യക്കാര്‍, കൈസ്ഥാനീയര്‍ എന്നിവര്‍ക്കും വസ്ത്രവും ദക്ഷിണയും നല്‍കുന്നതാണ്‌ ഉത്സവബലിയുടെ ആദ്യ ചടങ്ങ്‌. ബലി തൂകുന്നതിലുള്ള ചോറ്‌ (ഹവിസ്സ്‌) തൂശനിലയില്‍ നിരത്തിവയ്ക്കും. തുടര്‍ന്ന് ഇത്‌ മൂന്നായി പകുത്ത്‌, ഒാരോന്നിലും ഉണക്കലരി, എള്ള്‌, മഞ്ഞള്‍ എന്നിവയുടെ പൊടിവിതറും. മൂന്നുനിറത്തിലുള്ള ഹവിസ്റ്റ്‌ സത്വരജിസ്തമോ ഗുണങ്ങളുടെ സൂചകങ്ങളാണ്‌. പിന്നീട്‌ ഹവിസ്സ്‌ പൂജ നടക്കും.മരം എന്ന വാദ്യവും ശംഖ്‌, ചേങ്ങില എന്നിവയും ചേര്‍ത്തുള്ള മരപ്പാണികൊട്ടി ബലി ദേവതകളെ ഉണര്‍ത്തും.

ക്ഷേത്രത്തിനുള്ളിലെ ദ്വാസ്ഥന്മാര്‍, മണ്ഡപത്തിലെ വാഹനം, അനന്തന്‍, തെക്കേ നടയിലെ ഗണപതി, ദക്ഷിണാമൂര്‍ത്തി, പുറത്തെ ദ്വാസ്ഥന്മാര്‍, അഷ്ടദിക്പാലകര്‍, ബ്രഹ്മാവ്‌, അനന്തന്‍, സപ്തമാതൃക്കള്‍, ശാസ്താവ്‌, ദുര്‍ഗ്ഗ, സുബ്ര്ഹമണ്യന്‍, വൈശ്രവണന്‍, നിര്‍മ്മാല്യധാരി എന്നീ ദേവതകള്‍ക്കും അനുചരന്മാര്‍ക്കും ആദ്യഘട്ടത്തില്‍ ബലി തൂകും. രണ്ടാമത്തെ പ്രദക്ഷിണത്തില്‍ ശ്രീകോവിലിന്റെ തെക്കുള്ള സപ്ത മാതൃക്കള്‍ക്ക്‌ ബലി തൂകുമ്പോള്‍, കാണിക്ക അര്‍പ്പിച്ച്‌ തൊഴുതാല്‍ അഷ്ടൈശ്വര്യങ്ങള്‍ സിദ്ധിക്കുമെന്നാണ്‌ വിശ്വാസം പിന്നീട്‌ നാലമ്പലത്തിന്‌ പുറത്തുള്ള ബലിപീഠങ്ങളില്‍ ബലിതൂകും. പുറത്തെ ബലി സമര്‍പ്പണം വടക്കു ഭാഗത്ത്‌ എത്തുമ്പോള്‍ ക്ഷേത്രപാലന്‌ പാത്രത്തോടെ സമര്‍പ്പിക്കും.

തുടര്‍ന്ന് ദേവനെ അകത്ത്‌ എഴുന്നള്ളിച്ച്‌ പൂജ നടത്തുന്നതോടെയാണ്‌ ഉത്സവബലി പൂര്‍ണമാകുക. ഹരിപ്പാട്ടെ ഉത്സവബലി നാലുമണിക്കൂറോളം നീണ്ടുനില്‍ക്കുംനാലമ്പലത്തിനുള്ളില്‍ ഓലകൊണ്ട്‌ താല്‍ക്കാലില മേല്‍ക്കൂരയില്‍ കെട്ടി മറയ്ക്കുമ്പോഴുള്ള വേനല്‍ക്കാല മേടച്ചൂട്‌ വക വയ്ക്കാതെ പതിനായിരങ്ങള്‍ തിക്കിത്തിരക്കി ഈ ദര്‍ശനം കിട്ടാന്‍ ശ്രമിയ്ക്കുന്നു.പണ്ട്‌ തിരക്ക്‌ അത്ര ഇല്ലാതിരുന്ന കാലത്തെ ഒരു വാങ്മയ ചിത്രം ഈ ഗാനത്തില്‍ കേള്‍ക്കാം കാല്‍പനിക കാലത്തെ അയവിറക്കാം.

ദേവന്മാര്ക്കൊക്കെയും വിരുന്നു നല്കുന്നൊരാ

വേദിയില്‍ ദേവിയായ് നീ മിന്നി നിന്നു....

എന്ന വരി യേശുദാസ് പാടുമ്പോള്‍

ഉല്സവബലിദറ്ശനസമയത്തു ശ്രീകൊവിലിനുള്ളീലെ മൌന പ്രണയത്തിന്റെ അനന്തതയെ ഓര്‍ ക്കാത്ത ഹരിപ്പാട്ടുകാര്‍ കുറവാണല്ലൊ

-ഉത്സവ ബലിദര്‍ശനം (തരംഗിണി, ഉത്സവഗാനങ്ങള്‍ വോള്യം: 4, തമ്പി - രവീന്ദ്രന്‍ ഗാനം) കേള്‍ക്കന്‍ ശ്രമിക്കുക -

5. ശ്രീകുമാരന്‍ തമ്പിയുടെ ഭാവനയേയും ഭക്തിയേയും കൂട്ടുപിടിച്ച്‌ എഴുതിയ പോസ്റ്റകള്‍ തീര്‍ക്കുന്നത്‌ അദ്ദേഹത്തിന്റേതല്ലാത്ത ഒരു രചനയോടു കൂടി----ഒരു യൂ റ്റ്യൂബ് വീഡിയോയോടെ

ഈ ഗാനം ബിച്ചുതിരുമല രചിച്ച്‌ ദക്ഷിണാമൂര്‍ത്തി ഈണം നല്‍കി തരംഗിണിക്കുവേണ്ടി യേശുദാസ്‌ പാടിയ മുരുകഭക്തികാസറ്റില്‍ നിന്ന് -ഹരിപ്പാട്ടില്‍ വാഴും തിരുമുരുകാ....വീഡിയോ ലിങ്ക് ഇതാ