Sunday, May 11, 2008

ഹരിപ്പാട്ടമ്പലം -മറ്റെങ്ങും കാണാന്‍ ഇടയില്ലാത്ത ചടങ്ങുകള്‍

ഹരിപ്പാട്ടമ്പലം -മറ്റെങ്ങും കാണാന്‍ ഇടയില്ലാത്ത ചടങ്ങുകള്‍


കുട്ടക്കാഴ്ച-





മേടവിഷുവിന്റെ തലേന്നാളാണ്‌ ഹിന്ദു സാംബവ(പറയ) സമുദായാംഗങ്ങളുടെ കുട്ടക്കാഴ്ച. പറച്ചെണ്ടകളുടെ ദ്രുതതാളത്തില്‍ കമ്പനം കൊള്ളുന്ന ദീപാലംകൃതമായ കരുവാറ്റ കളരിക്കല്‍ കുടുംബക്ഷേത്രം ശക്തിസ്വരൂപിണിയായ ശ്രീ ഭദ്രകാളിയുടെ ഈ ക്ഷേത്ര സന്നിധിയില്‍ നിന്നാണ്‌ ഹരിഗീതപുരേശന്റെ തിരുവുത്സവത്തിന്‌ ആവശ്യമായ കുട്ടകള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെടുന്നത്‌.


ചുവന്ന പട്ടുടുത്ത്‌ തലയില്‍ പട്ടുതലപ്പാവ്‌ കെട്ടി, ചെമ്പുകെട്ടിയ ചൂരല്‍ വടിയും പിടിച്ച്‌ കളരിയ്ക്കല്‍ കുടുംബക്കാരണവര്‍ കുട്ടക്കാഴ്ചയുമായി പുറപ്പെടാന്‍ തയ്യാറായപ്പോള്‍ കുടയും മേല്‍ക്കുടയും അതിന്മേല്‍ കുടയുമുള്ള അതിവിചിത്രമായ പനയോലക്കുട മൂപ്പനുമുകളിലുയര്‍ത്തി അനുചരവൃന്ദവും തയ്യാറാകുന്നു. തുടര്‍ന്ന് ആബാലവൃന്ദം കുടുംബാംഗങ്ങളുമായി താലപ്പൊലിയുടേയും താളമേളങ്ങളുടേയും അകമ്പടിയോടെ കാഴ്ചക്കുട്ടകളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെടുകയായി.


മാര്‍ഗ്ഗമദ്ധ്യേ കരപ്രമാണിയായ കരുവാറ്റ സമുദായത്തില്‍ കുറുപ്പിന്റെ തറവാട്ടിലെത്തി രണ്ട്‌ കുട്ടകള്‍ സമര്‍പ്പിക്കുന്നു. പകരം സമുദായത്തില്‍ കുറുപ്പ്‌ നല്‍കുന്ന വെളുത്തമുണ്ട്‌ സ്വീകരിച്ച്‌ അനുചരന്‍ മൂപ്പന്റെ പട്ടുതലപ്പാവിനൊപ്പം ചുട്ടി കുറുപ്പിന്റെ അനുമതിയോടെ വേലായുധസ്വാമിയുടെ സവിധത്തിലേക്ക്‌ യാത്രപുറപ്പെടുകയായി.


ഹരിപ്പാട്‌ മഹാക്ഷേത്രത്തിലെത്തി ക്ഷേത്ര പ്രദക്ഷിണം നടത്തി ഭഗവാന്റെ കൊടിമുരച്ചുവട്ടില്‍ തങ്ങള്‍ കൊണ്ടുവന്ന കുട്ടകള്‍ ഭക്തിപൂര്‍വം സമര്‍പ്പിച്ച്‌ ആചാരപ്രകാരം ഭഗവാന്‌ തിരുമുല്‍കാഴ്ച വയ്ക്കുന്നു. ക്ഷേത്രഭാരവാഹികള്‍ വന്ന് കുട്ടകള്‍ ഏറ്റുവാങ്ങി നാമമാത്രമായ ഒരു പ്രതിഫലവും നല്‍കുന്നു. ഉടന്‍ തന്നെ കുട്ടക്കാഴ്ച സമര്‍പ്പിക്കുവാന്‍ എത്തിയവര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഘോഷയാത്രയായി തിരികെ പുറപ്പെടുകയും ചെയ്യുന്നു.


ഈ കുട്ടക്കാഴ്ചയ്ക്ക്‌ നായകത്വം വഹിക്കുന്ന ഇപ്പോഴത്തെ മൂപ്പന്‍, വയോവൃദ്ധനായ ശ്രീമാന്‍. കേശവന്‍ അവര്‍കളാണ്‌.


മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലം മുതല്‍ നടന്നുവരുന്ന കളരിക്കല്‍കുടുംബാംഗങ്ങളുടെ ഈ കുട്ടക്കാഴ്ചയാണ്‌ ഹരിപ്പാട്‌ ശ്രീ സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന്‌ കേളികൊട്ടുയര്‍ത്തുന്നത്‌.





സേനാനായകന്‍-








ദേവസേനയുടെ അധിപനാണ്‌ ശ്രീ സുബ്രഹ്മണ്യസ്വാമി എങ്കിലും ഹരിഗീതപുരേശന്‍ എഴുന്നള്ളുന്നതിന്‌ സംരക്ഷകനായി ഒരാള്‍ ആചാരപ്രകാരം വാളും പരിചയുമേന്തി നില്‍ക്കാറുണ്ട്‌. ക്ഷേത്രോല്‍പത്തി മുതല്‍ ഇത്‌ തുടരുന്നു. സഹസ്രാബ്ദങ്ങളായി സേനാനായകത്വം വഹിക്കുന്നതിനുള്ള അവകാശം വെട്ടേക്കാട്ട്‌ പണിക്കര്‍ കുടുംബത്തിനാണ്‌. ഇതിന്‌ പ്രതിഫലമായി ദേവസ്വം ബോര്‍ഡില്‍ നിന്നും വളരെ ചെറിയൊരു പാരിതോഷികം നല്‍കുന്നുണ്ട്‌ എങ്കിലും രാജഭരണകാലം മുതല്‍ നടന്നു വരുന്ന ഈ സേവനം പണിക്കര്‍ കുടുംബത്തിന്റെ ഭക്തിയുടെ പര്യായമായി തുടരുന്നു











.വഴിമേല്‍പ്പറ-





മറ്റ്‌ ക്ഷേത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്‌ ഹരിപ്പാട്‌ മഹാക്ഷേത്രത്തിലെ പറയെടുപ്പ്‌. ഓണാട്ടുകരയിലെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ നിന്നും പറയെടുപ്പിനായി ദേവീദേവന്മാരെ എഴുന്നള്ളിച്ച്‌ ഭക്തജനഭവനങ്ങളില്‍ ചെന്ന് നിറപറ സ്വീകരിക്കുമ്പോള്‍ ഹരിഗീതപുരേശന്‍ നിറപറ സ്വീകരിക്കുന്നതിന്‌ ഭവനങ്ങളില്‍ എഴുന്നള്ളുക പതിവില്ല. നിറപറ അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്ത്ജനങ്ങള്‍ ദേവന്റെ കൊടിമരച്ചുവട്ടില്‍ നിറപറ അര്‍പ്പിക്കുകയാണ്‌ പതിവ്‌. കൂടാതെ മൂന്നൂത്സവങ്ങളുടേയും പള്ളിവേട്ടയ്ക്കും തിരുവാറാട്ടിനും ദേവന്‍ യാത്ര ചെയ്യുന്ന വീഥിയുടെ ഇരുപുറവും നിറപറയര്‍പ്പിച്ച്‌ ഭക്തജനങ്ങള്‍ ദേവനെ സ്വീകരിക്കുകയാണ്‌ പതിവ്‌. ഈ എഴുന്നള്ളത്ത്‌ സമയത്തും നിറപറ സ്വീകരിക്കാനായി ദേവന്റെ എഴുന്നള്ളത്ത്‌ തിരിഞ്ഞുനില്‍ക്കാറില്ല. അതുപോലെ പറതളിയ്ക്കുക എന്ന ചടങ്ങും ഹരിപ്പാട്‌ ക്ഷേത്രത്തില്‍ പതിവില്ല. ഇത്‌ വഴിമേല്‍പ്പറ എന്നാണ്‌ അറിയപ്പെടുന്നത്‌.





ആത്മവിശ്വാസത്തിന്റെ ഈ 'ഈഗോ' പല ഹരിപ്പാട്‌ സ്വദേശമായുള്ളവരിലും കാണാം. ശ്രീകുമാരന്‍ തമ്പിയും എം.ജി. രാധാകൃഷണനും മലയാളത്തിലെ അതിഗംഭീരമായ പാട്ടുകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരുമിച്ച്‌ ഒരു പാട്ട്‌ - ഇതുവരെ ഇല്ല -പിന്നെ പി. നാരായണക്കുറുപ്പ്‌ എന്ന കവി, എം.ജി. ശ്രീകുമാര്‍, ഓമനക്കുട്ടി എന്നിവരുടെ സ്വഭാവം ശ്രദ്ധിച്ചിട്ടുള്ളവര്‍ക്കറിയാം . ഹരിഗീതപുരേശന്റെ പ്രഭാവം.
വലിയ കാണിക്ക.
തങ്ക നിര്‍മിതവും ദിവ്യ രക്തങ്ങള്‍ പതിച്ചതുമായ ചട്ടത്തില്‍ സുബ്രഹ്മണ്യ സ്വാമിയെ എഴുന്നള്ളിപ്പ്‌ നിര്‍ത്തുമ്പോള്‍, സ്വര്‍ണക്കുടത്തില്‍ കാണിക്ക അര്‍പ്പിക്കുന്നതാണ്‌ വലിയ കാണിക്ക.

സേവയെത്തുടര്‍ന്ന് അലംകൃതമായ അകത്തെ ആനക്കൊട്ടിലില്‍ ദേവനെ വലിയ കാണിക്കയ്ക്ക്‌ എഴുന്നള്ളിച്ചു നിര്‍ത്തുമ്പോള്‍ സോപാനസംഗീതവും ഭക്തരുടെ നാമോച്ചാരണങ്ങളും ദേവാലയാന്തരീക്ഷത്തെ ഭക്തിലഹരിയിലാഴ്ത്തുന്നു. ഭഗവല്‍ പ്രീതി നേടാനും ദര്‍ശനഭാഗ്യത്താല്‍ ആനന്ദമനുഭവിക്കുവാനുമെത്തുന്ന ഭക്ത സഹസ്രങ്ങള്‍ സ്വര്‍ണ്ണ കുംഭത്തില്‍ കാണിയ്ക്ക്‌യര്‍പ്പിച്ച്‌ സായൂജ്യമടയുന്ന കാഴ്ച വിസ്മയജനകവും അനുപമവുമത്രെ

.ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളിലെ ഭക്തര്‍ അവര്‍ എത്ര അകലെയായാലും വ്യക്തി ജീവിതത്തെ അസൌകര്യങ്ങള്‍ ഏറേ ഉള്ളവരായിര്‍ഉന്നാലും ഇതെല്ലാം അവഗണിച്ച്‌ ചിത്തിരയുത്സവത്തിന്റെ ഭാഗമായിത്തീരാന്‍ ബന്ധുജനങ്ങള്‍ക്കൊപ്പം നാട്ടിലെത്തിച്ചേരുന്നു.അതിപ്രശസ്തമായ ശ്രീകുമാരന്‍ തമ്പി മുതല്‍ അത്ര പ്രശസ്തനല്ലാത്ത ഈ ഉള്ളവനും.
യാത്രയയപ്പ്
സമീപദേശങ്ങളിലെ ദേവീദേവന്മാരുടെ വരവും കൂടി എഴുന്നള്ളിപ്പും യാത്ര ചോദിപ്പും ഒന്‍പതാം ഉത്സവത്തിന്റെ പ്രധാന ചടങ്ങുകളാണ്‌.
തിരു:വിലഞ്ഞാലമ്മ,ശ്രീ കന്യാട്ടുകുളങ്ങര ദേവി, തൃപ്പക്കുടത്തപ്പന്‍ എന്നിവര്‍ സുബ്രഹ്മണ്യന്റെ തിരു: ഉത്സവത്തിന്‌ ഉപചാരമര്‍പ്പിക്കുവാന്‍ എത്തിചേരുന്ന ചടങ്ങ്‌ ഇതര ക്ഷേത്രോത്സവചടങ്ങുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നു. സ്കന്ദനുമായുള്ള ബന്ധത്തില്‍ ഇവരെ കാമുകി, സഹോദരി, പിതാവ്‌ എന്നിങ്ങനെയുള്ള പരിഗണനയില്‍ തിരുവിലഞ്ഞാലമ്മയ്ക്കു ചിലര്‍ കാമുകീ പദം നല്‍കപ്പെട്ടിരിക്കുന്നത്‌ യുക്തിപൂര്‍വ്വമാണെന്നു പറഞ്ഞു കൂടാ.
സമീപകരകളിലെ ഭക്തരെ ചിത്തിരയുത്സവവുമായി ബന്ധിപ്പിക്കാന്‍ പൂര്‍വ്വികരുടെ ബുദ്ധിയില്‍ രൂപപ്പെട്ടതാകാം. ഈ ദേവീ- ദേവന്മാരുടെ സമാഗമ മുഹൂര്‍ത്തങ്ങള്‍ എന്നു ചിന്തിക്കുന്നതാവും ശരി.

ടൌണ്‍ഹാള്‍ ജംഗ്ഷനില്‍ ഈ ദേവീദേവന്മാര്‍ സംഗമിക്കുമ്പോള്‍ തിരുവിലഞ്ഞാലമ്മ മദ്ധ്യത്തും ഇടതുവലതു വശങ്ങളില്‍ കന്യാട്ടുകുളങ്ങര ദേവിയും തൃപ്പക്കുടത്തപ്പനും നിലകൊള്ളുന്നു. ഇവിടെനിന്നും രാജകീയമായ വരവേല്‍പ്പാണ്‌ നല്‍കപ്പെടുന്നത്‌.
തകില്‍- നാദസ്വരമേളങ്ങള്‍, നിറദീപങ്ങള്‍ എന്നിവയോടും വീഥിയ്ക്കിരുവശവുമുള്ള അസംഖ്യം ഭക്തജനങ്ങളോടുമൊപ്പം ക്ഷേത്രാഭിമുഖമായി പടിഞ്ഞാട്ടു നീങ്ങി ക്ഷേത്രത്തിന്റെ കിഴക്കേഗോപുരവാതിലിലൂടെ പ്രവേശിച്ച്‌ കൂത്തമ്പലത്തിന്റെ തെക്കുവശത്തുകൂടി തെക്കു വശത്തെ ശീവേലിപ്പാതയില്‍ കിഴക്കോട്ട്‌ ദര്‍ശനമായി ഉപദേവന്മാരോടൊപ്പം നില്‍ക്കുമ്പോള്‍ വലിയ കാണിക്കയ്ക്ക്‌ എഴുന്നള്ളിച്ചുനിര്‍ത്തിയ പ്രധാന ദേവനും ഇവരോടൊപ്പം ചേര്‍ന്ന് ഒന്‍പത്‌ പ്രദക്ഷിണം വിളക്ക്‌ പൂര്‍ത്തിയാക്കുന്നു.

ഏഴ്‌ ദേവി- ദേവന്മാരൊന്നിച്ചുള്ള കൂടി എഴുന്നള്ളിപ്പും പ്രദക്ഷിണവും മറ്റെങ്ങും ദര്‍ശിക്കാനാവാത്ത ഒരപൂര്‍വ്വാനുഭവമാണെന്നു പറയുന്നതില്‍ തെറ്റില്ല.
ഒന്പതു തവണയും വാദ്യങ്ങള്‍ മാറും ---ഇവിടെ തിടമ്പ്‌ എടുക്കുന്ന ആന തുമ്പിക്കൈ ഉയര്‍ത്തി യാത്രചൊല്ലുന്ന വികാരനിര്‍ഭരമായ ചടങ്ങ്‌.
ഈയിടെ വന്യജീവി സം രക്ഷണനിയമം അനുസരിക്കുന്നതിനാല്‍ ---വിശ്രമം അനുവദിക്കുന്ന ആനകള്‍ തിടമ്പുകള്‍ മാറി മാറി എടുക്കുന്നതിനാല്‍ ഒരു ആന ഒരു ദേവന്‍ എന്ന കാണികളുടെ സങ്കല്പം മാറുന്നതിനാല്‍ ---ഒരു താരം ഒന്നില്‍ കൂടുതല്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അസ്വാരസ്യം ഉണ്ടു ..

അടുത്ത പോസ്റ്റ്...മറ്റു ചില പ്രത്യേകതകള്‍ ..കൊടിമരം കൂത്തമ്പലം മയില്‍ കൂട് പെരുങ്കുളം തുടങിയവ...

വരുന്ന പോസ്റ്റുകള്‍
1. ഉല്‍ സവബലിദര്‍ ശനം
2. ഹരിപ്പാട്ടെ അതി പ്രശസ്തരും പ്രശസ്തരും ....
3. സാഹിത്യ സം ഗീതരം ഗത്തു ഹരിഗീതപുരം
4. ശ്രീകുമാരന്‍ തമ്പി വഴികാട്ടിയായി കാണുന്ന വേലായുധസ്വാമി
5. ഹരിപ്പാട്ടെ ഇമേജറികള്‍ തമ്പിയുടെ ഗാനങ്ങളില്‍ എവിടെയൊക്കെ

5 comments:

അനാഗതശ്മശ്രു said...

ഹരിപ്പാട്ടമ്പലം -മറ്റെങ്ങും കാണാന്‍ ഇടയില്ലാത്ത ചടങ്ങുകള്‍
fourth post- new-

ഗുരുജി said...

യാത്രയയപ്പിന്‌ ആനകളോടൊപ്പം ഒന്‍പതു തവണ പ്രദക്ഷിണം വെക്കുന്നതുവഴി ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കുമെന്ന വിശ്വാസത്തോടെ മണിക്കൂറുകളോളം രാത്രിമുതല്‍ പുലരും വരെ പ്രദക്ഷിണം വെച്ച ആ കൌമാരരാവുകളിലേക്കു വളരെ വേഗത്തില്‍ ഓടിച്ചെത്തിച്ചു ഈ പോസ്റ്റ്....

--കളിപ്പാവ കയ്യില്‍കിട്ടിയ കുട്ടിയുടെ ആനന്ദത്തോടെ വായിക്കുന്നു....സ്വന്തം നാടു മണക്കുന്നു ചുറ്റും....ഉത്തരാസ്വയംവരം കഥകളി..തമ്പിയെ സ്വധീനിച്ചതുകൊണ്ടല്ലേ മലയാളികള്‍ക്കു മധുരമായ ഒരു ഗാനം കിട്ടിയത്‌..മറ്റെങ്ങുമില്ലാത്ത വിധം കഥകളി ഒരു ആരാധന പോലെ ഹരിപ്പാട്ടമ്പലത്തില്‍ അവതരിപ്പിക്കപ്പെടുന്നതിനേക്കുറിച്ചും കൂടി എഴുതാതിരിക്കല്ലേ പ്രിയപ്പെട്ട 'കുമാരാ'...

G.MANU said...

print eduthey..
:)

next pls

rathisukam said...

മറ്റ്‌ ക്ഷേത്രങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ്‌ ഹരിപ്പാട്‌ മഹാക്ഷേത്രത്തിലെ പറയെടുപ്പ്‌. ഓണാട്ടുകരയിലെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ നിന്നും പറയെടുപ്പിനായി ദേവീദേവന്മാരെ എഴുന്നള്ളിച്ച്‌ ഭക്തജനഭവനങ്ങളില്‍ ചെന്ന് നിറപറ സ്വീകരിക്കുമ്പോള്‍ ഹരിഗീതപുരേശന്‍ നിറപറ സ്വീകരിക്കുന്നതിന്‌ ഭവനങ്ങളില്‍ എഴുന്നള്ളുക പതിവില്ല. നിറപറ അര്‍പ്പിക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്ത്ജനങ്ങള്‍ ദേവന്റെ കൊടിമരച്ചുവട്ടില്‍ നിറപറ അര്‍പ്പിക്കുകയാണ്‌ പതിവ്‌. കൂടാതെ മൂന്നൂത്സവങ്ങളുടേയും പള്ളിവേട്ടയ്ക്കും തിരുവാറാട്ടിനും ദേവന്‍ യാത്ര ചെയ്യുന്ന വീഥിയുടെ ഇരുപുറവും നിറപറയര്‍പ്പിച്ച്‌ ഭക്തജനങ്ങള്‍ ദേവനെ സ്വീകരിക്കുകയാണ്‌ പതിവ്‌. ഈ എഴുന്നള്ളത്ത്‌ സമയത്തും നിറപറ സ്വീകരിക്കാനായി ദേവന്റെ എഴുന്നള്ളത്ത്‌ തിരിഞ്ഞുനില്‍ക്കാറില്ല. അതുപോലെ പറതളിയ്ക്കുക എന്ന ചടങ്ങും ഹരിപ്പാട്‌ ക്ഷേത്രത്തില്‍ പതിവില്ല. ഇത്‌ വഴിമേല്‍പ്പറ എന്നാണ്‌ അറിയപ്പെടുന്നത്‌.
rathisukam.blogspot.com

നിര്‍മ്മല said...

നല്ല വിവരണം.
പടംസ് പ്രതീക്ഷിക്കുന്നു :)