Friday, May 9, 2008

ഹരിപ്പാട്ടമ്പലം --മൂന്ന് ഉത്സവങ്ങള്‍ ഉള്ള അപൂര്‍വ്വത -

പ്രധാന ദേവവിഗ്രഹം ശ്രീ പരശുരാമപൂജിതമാണെന്നും ,
പാണ്ഡവാരാധിതമാണെന്നും ഐതീഹ്യങ്ങളുണ്ട്‌.
വീയപുരത്തുനിന്നും വിഗ്രഹം ജലമാര്‍ഗ്ഗം ആനയിച്ചുകൊണ്ടുവന്നതിനെ സംബന്ധിക്കുന്ന ഐതീഹ്യവിശ്വാസങ്ങളും, പ്രതിഷ്ഠാ ദിനാചരണവും മറ്റും ഇന്നും നടന്നു വരുന്നു.
പ്രശസ്തമായ പയിപ്പാട്ടു ജലോത്സവവും ഇതുമായി ബന്ധപ്പെട്ടതാണ്‌. '

പായിപ്പാട്ടാറ്റില്‍ വള്ളം കളി' എന്ന തമ്പി-രവീന്ദ്രന്‍ ഗാനം ഓര്‍ക്കുമല്ലോ-(ഉത്സവ ഗാനഗല്‍ - വോള്യം - 1)

ആറടി ഉയരമുള്ള വിഗ്രഹത്തിന്റെ ചില പ്രത്യേകതയാല്‍ ഭാവ നിര്‍ണ്ണയം അസാദ്ധ്യമായ സന്ദര്‍ഭം
ശൈവ ഭാവം തികയുന്ന ഉയരവും ഗാത്രവും

ചതുര്‍ഭുജങ്ങളും ശംഖ ചക്രങ്ങളും ചേര്‍ന്ന വിഷ്ണു ഭാവവും

വേല്‍ ധരിച്ച ദേവസേനാധിപ ഭാവവും മൂന്ന് ഭാവങ്ങളേയും ആരാധിക്കേണ്ടുന്ന ആചാരങ്ങള്‍ ഉടലെടുക്കാന്‍ സഹായിക്കുകയാണുണ്ടായത്‌.
അങ്ങിനെ മൂന്ന്‌ ഉത്സവങ്ങള്‍ - കോടിയേറി പത്താം നാള്‍ ആറാട്ടോടുകൂടിയ 3 ഉത്സവങ്ങള്‍ -

അത്‌ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയെന്ന്‌ എനിക്ക്‌ തോന്നുന്നു.

താരക- ശൂര പത്മാസുരാദി അസുരന്മാരുടെ നിഗ്രഹത്താല്‍ ലോകരക്ഷയും ഭൂസംരക്ഷണവും നിര്‍വഹിച്ച ദേവസേനാപതിയായ ശിവപാര്‍വ്വതീപുത്രന്‍ സുബ്രഹ്മണ്യന്‍ ബ്രഹ്മ- വിഷ്ണു- മഹേശ്വര ശക്തികളുടെ സമന്വയ രൂപമാണെന്നും പറയാം. ആ സങ്കല്‍പ്പം കൊണ്ടു കൂടിയായിരിക്കും ചിങ്ങമാസത്തില്‍ തിരുവോണം ആറാട്ടോടുകൂടി സമാപിക്കുന്ന ഉത്സവത്തിന്‌ വൈഷ്ണവത്വവും, ധനുമാസത്തില്‍ തിരുവാതിര ആറാട്ടോടുകൂടി അവസാനിക്കുന്ന ഉത്സവത്തിന്‌ ശൈവത്വവും മേടത്തിലെ വിഷുക്കണി കണ്ട്‌ കൊടിയേറി പത്താം ഉദയത്തിന്‍ നാളില്‍ ആറാട്ടായി സമാപിക്കുന്ന ഉത്സവം സര്‍വ്വദേവസമന്വയ സങ്കല്‍പ്പമായും സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്‌.

തൈപ്പൂയവും വൃശ്ചിക മാസത്തിലെ കാര്‍ത്തികയും ഗംഭീരമായി ആഘോഷിക്കപ്പെടുന്ന തെക്കന്‍ കേരളത്തിലെ ക്ഷേത്രവും ഇതു തന്നെ.

ഇവിടുത്തെ തൈപ്പൂയക്കാവടികള്‍ മയില്‍പ്പീലികള്‍ നിറച്ചുകെട്ടിയ , അലങ്കാരങ്ങള്‍ നിറഞ്ഞ 'കാവടി' പോലെ വളഞ്ഞ കാവടികള്‍ മാത്രമാണ്‌.
തമിഴ്നാട്‌-തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി തുടങ്ങിയ ഇടങ്ങളിലെ ഗോപുരം പോലെ ഉയര്‍ന്ന കടലാസുപൂക്കള്‍ കലര്‍ന്നവ ഇവിടെ കാണാനാവില്ല.

പീലികളുടെ നീലിമ നിറഞ്ഞ ഇവിടുത്തെ അന്തരീക്ഷം ഇതേവരെ മാധ്യമങ്ങള്‍ നേരാം വണ്ണം ദൃശ്യാവിഷ്ക്കരിച്ചിട്ടേയില്ല -

പക്ഷേ തമ്പിയുടെ " തൈപ്പൂയക്കാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം" ഹരിപ്പാടിന്റെ തൈപ്പൂയം എത്ര മനസ്സുകളിലാണ്‌ കാവടിച്ചിന്ത്‌ പാടിയിട്ടുള്ളത്‌?

ഉത്സവ നാളുകളില്‍ ആദ്യ ഒമ്പത്‌ ദിവസവും പ്രധാനമായ സേവയുടെ ദൃശ്യങ്ങള്‍ ഈ വീഡിയോവില്‍ -ഇനി... ഈ ക്ഷേത്രത്തില്‍ മാത്രം കണ്ടു വരുന്ന ചില ആചാരാനുഷ്ഠാനങ്ങള്‍ ആണ്‌ - അടുത്ത പോസ്റ്റ്‌ - കുട്ടകാഴ്ച്ച, സേനാനായകന്‍, വഴിമേല്‍പ്പറ, വലിയകാണിക്ക, യാത്രയയപ്പ്‌ തുടങ്ങിയവ.

5 comments:

അനാഗതശ്മശ്രു said...

അങ്ങിനെ മൂന്ന്‌ ഉത്സവങ്ങള്‍ - കോടിയേറി പത്താം നാള്‍ ആറാട്ടോടുകൂടിയ 3 ഉത്സവങ്ങള്‍ -

അത്‌ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയെന്ന്‌ എനിക്ക്‌ തോന്നുന്നു.

new post

G.manu said...

തമ്പിമാഷിനായി ഒരു തേങ്ങ

{{{ഠേ}}}}

അടുത്തത് പോരട്ടെ..

‘കര്‍പ്പൂര ദീപത്തിന്‍ കാന്തിയില്‍
കണ്ടൂ ഞാന്‍ നിന്നെയാ സന്ധ്യയില്‍..”

വേല്‍മുരുക റൊമാന്റികായി.
:)

ഭൂമിപുത്രി said...

രസമായി വായിയ്ക്കുന്നു,തുടരു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പരിചയപ്പെടുത്തല്‍ നന്നായി. അടുത്തത് വരട്ടെ

ഗുരുജി said...

കൊള്ളാം കൊള്ളാം..കാത്തിരുന്ന ഒരു കളിപ്പാവ കയ്യില്‍കിട്ടിയ കുട്ടിയുടെ ആനന്ദത്തോടെ വായിക്കുന്നു....സ്വന്തം നാടു മണക്കുന്നു ചുറ്റും....ഉത്തരാസ്വയംവരം കഥകളി..തമ്പിയെ സ്വധീനിച്ചതുകൊണ്ടല്ലേ മലയാളികള്‍ക്കു മധുരമായ ഒരു ഗാനം കിട്ടിയത്‌..മറ്റെങ്ങുമില്ലാത്ത വിധം കഥകളി ഒരു ആരാധന പോലെ ഹരിപ്പാട്ടമ്പലത്തില്‍ അവതരിപ്പിക്കപ്പെടുന്നതിനേക്കുറിച്ചും കൂടി എഴുതാതിരിക്കല്ലേ...