Monday, May 5, 2008

ഹരിപ്പാട്‌-സ്ഥലനാമ വിശേഷം

ഹരിപ്പാട്‌-സ്ഥലനാമ വിശേഷം

ഹരിപ്പാട്‌ മഹാക്ഷേത്രവും സമീപസ്ഥലങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധം പുരാണങ്ങളുടെ ഏടുകളില്‍ ഒളിഞ്ഞിരിക്കുന്നു.

ക്ഷേത്രവുമായി ബന്ധമുണ്ട്‌ എന്നതു മാത്രമല്ല അവയ്ക്ക്‌ സമാനമായ സ്ഥലപ്പേരുകള്‍ ക്ഷേത്രോത്പത്തി മുതല്‍ക്ക്‌ തന്നെ പ്രശസ്തവുമാണ്‌.

അസുരചക്രവര്‍ത്തിയായിരുന്ന താരകന്റെ ഉപദ്രവം ത്രിലോകങ്ങളിലും വര്‍ദ്ധിച്ചിരിക്കെ ദേവരാജാവായ ഇന്ദ്രന്‍ ദേവ വൃന്ദങ്ങളോടൊത്ത്‌ സൃഷ്ടാവായ ബ്രഹ്മദേവനെ കാണുകയും ബ്രഹ്മാവിന്റെ നേതൃത്വത്തില്‍ ശ്രീഹരിയെ കണ്ട്‌ സങ്കടം ഉണര്‍ത്തിക്കുകയും ചെയ്യുന്നു. ശ്രീ പരമേശ്വരന്റെ പുത്രനായ കുമാരനു മാത്രമേ താരകാസുര നിഗ്രഹം സാദ്ധ്യമാകുകയുള്ളൂ എന്ന് മനസ്സിലാക്കിയ ഭഗവാന്‍ വിഷ്ണു, ദേവന്മാരും ഋഷീശ്വരന്മാരുമൊത്ത്‌ ഭൂമിയിലെ പവിത്രമായ സ്ഥലത്തുവന്ന് സുബ്രഹ്മണ്യകീര്‍ത്തനങ്ങള്‍ ആലപിച്ചുകഴിഞ്ഞു വന്നു.
ഇപ്രകാരം ഹരിയുടെ ഗീതങ്ങള്‍ ഉയര്‍ന്നുകേട്ട സ്ഥലമായതുകൊണ്ട്‌ ഹരിഗീതപുരം എന്നും ഹരിയുടെ പാദം പതിഞ്ഞ സ്ഥലമായതുകൊണ്ട്‌ ഹരിപാദപുരം എന്നും ഈ സ്ഥലം പ്രശസ്തമായിരുന്നു.
കാലാതരത്തില്‍ ഈ നാമങ്ങള്‍ ലോപിച്ച്‌ ഹരിപാടായതായി ഐതിഹ്യം.
കാര്‍ത്തികകന്യകകള്‍ വളര്‍ത്തിയ കാര്‍തികേയന്‍ പള്ളികൊള്ളുന്ന സ്ഥലമായതുകൊണ്ട്‌ ഈ സ്ഥലം കാര്‍ത്തികേയ പള്ളിയെന്നും പ്രശസ്തമായിരുന്നു. ഇതാണ്‌ പില്‍ക്കാലത്ത്‌ കാര്‍ത്തികപ്പള്ളി എന്നായത്‌. ഇന്നും ഹരിപ്പാട്‌ ക്ഷേത്രം ഉള്‍ക്കൊള്ളുന്ന സ്ഥലം ഉള്‍പ്പെടെ 18 കരകളുള്ള താലൂക്കാണ്‌ കാര്‍ത്തികപ്പള്ളി. പണ്ട്‌ ഈ ക്ഷേത്രത്തിന്റെ ചുമതല കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍ക്കായിരുന്നു.
കുമാരന്‍ (സുബ്രഹ്മണ്യന്‍) സ്ഥിതിചെയ്യുന്ന പട്ടണം എന്ന നിലയില്‍ ഈ സ്ഥലം കുമാരപുരം എന്ന പേരിലും പ്രശസ്തമായിരുന്നു. കാലാന്തരത്തില്‍ പഞ്ചായത്ത്‌ വാര്‍ഡ്‌ വിഭജനം വന്നപ്പോള്‍ ഹരിപ്പാടിന്റെ സമീപമുള്ള ഏതാനും ഭാഗങ്ങള്‍ കുമാരപുരം പഞ്ചായത്തായി ഇന്നും അറിയപ്പെടുന്നു.

അവതാരപുരുഷനായ പരശുരാമനാല്‍ സൃഷ്ടിക്കപ്പെട്ട 64 ഗ്രാമങ്ങളില്‍ ഏകചക്ര എന്ന പെരില്‍ ഹരിപ്പാടിനും കാര്‍ത്തികപ്പള്ളിക്കും പ്രാധാന്യമുണ്ട്‌. അരക്കില്ലം വെന്തശേഷം ഒളിവില്‍ കഴിയുന്ന കാലം (പാഞ്ചാലീയസ്വയംവരകാലം)പാണ്ഡവര്‍ താമസിച്ചിരുന്ന ബ്രാഹ്മണ നഗരം ഏകചക്ര നഗരി എന്ന് മുമ്പറിയപ്പെട്ടിരുന്ന ഹരിപ്പാട്ടണ്‌. ഇന്നും ഈ ഏകചക്രയിലെ നഗരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം നമുക്ക്‌ കാണാവുന്നതാണ്‌.
അതേ കാലഘട്ടത്തില്‍ തന്നെ ബകന്‌ ആഹാരം നല്‍കിയിരുന്ന (ഊട്ടിയിരുന്ന) ഊട്ടുപറമ്പും, വീര്യവാനായ ബകന്‍ താമസിച്ചിരുന്ന ബകപുരവും (വീര്യപുരം) ഇന്ന് വീയപുരം എന്നറിയപ്പെടുന്ന സ്ഥലം ഹരിപ്പാടിനടുത്താണ്‌. ഖാണ്ഡവദഹന സമയത്ത്‌ ആദ്യം മണ്ണാറിയ പര്‍ണ്ണശാലയും- മണ്ണാറശാല എന്ന പേരില്‍ നാഗാരാധനയ്ക്ക്‌ പ്രശസ്ഥമായ സ്ഥലം - ഹരിപ്പാട്ടാണ്‌.

അഗ്നിക്ക്‌ സംരക്ഷണം നല്‍കുവാനായി ശ്രീകൃഷ്ണന്റെ സഹായത്തോടെ ശരകൂടം നിര്‍മ്മിക്കുവാനായി അര്‍ജ്ജുനന്‍ ശരം എയ്ത ഊര്‌- എയ്തൂര്‍ ഹരിപ്പാടിനടുത്തുള്ളതും ഏവൂര്‍ എന്ന് ഇന്നറിയപ്പെടുന്നതുമായ സ്ഥലമാണ്‌ എന്ന് പറയപ്പെടുന്നു.

ഇപ്രകരം പുരാണ പ്രശസ്തമായ വളരെയധികം സ്ഥലങ്ങളും ഹരിപ്പാട്‌ ഗ്രാമപഞ്ചായത്തിലും, സമീപസ്ഥലങ്ങളിലുമായി ഉള്ളതുപോലെ വലുതും ചെറുതുമായ നൂറുകണക്കിന്‌ ആരാധനാലയങ്ങളും മറ്റെങ്ങും കാണുവാന്‍ കഴിയാത്തതിനാല്‍
ഹരിപ്പാടിന്‌ ക്ഷേത്ര നഗരം എന്ന നാമം അന്വര്‍ത്ഥമാണ്‌.


ക്ഷേത്ര നഗരത്തെക്കുറിച്ചുള്ള ഈ ലിങ്കും ശ്രദ്ധിക്കുക

10 comments:

അനാഗതശ്മശ്രു said...

ഹരിപ്പാട്‌-സ്ഥലനാമ വിശേഷം

ഹരിപ്പാട്‌ മഹാക്ഷേത്രവും സമീപസ്ഥലങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധം പുരാണങ്ങളുടെ ഏടുകളില്‍ ഒളിഞ്ഞിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഒരു അമ്പലത്തെക്കുറിച്ചുള്ള വിവരണം ഇത്രയും നന്നായി തന്നതിന്‍ നന്ദി.

ചിത്രം ഇല്ലെ?

അനാഗതശ്മശ്രു said...

പ്രിയാ
സ്വാഗത പോസ്റ്റിലെ പടം ശ്രദ്ധിക്കുമല്ലൊ

raindrops said...

ഹരിപ്പാട്ടംബലത്തിന്റെ ഐതീഹത്തിനെ പറ്റിയറിയാന്‍ സാധിച്ചതില്‍ സന്തോഷം .
ബ്ലോഗ് നന്നാവുന്നുണ്ട്‌.. കൂടുതല്‍ കഥകള്‍ക്കായി കാത്തിരിക്കുന്നു......

ഭൂമിപുത്രി said...

കസറുന്നു,
ഗോ ഓണ്‍..

ഗുരുജി said...

കൂടുതല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നു....കൂടുതല്‍ എഴുതുക. നല്ല തുടക്കം. മണ്ണാറശ്ശാലയെക്കുറിച്ചുള്ള ഐതിഹ്യവും എഴുതണേ...അത്യധികമായ സന്തോഷത്തോടെ.........കാത്തിരിക്കുന്നു.

G.manu said...

മാഷേ..

ഹരിപ്പട് ഒബ്സഷന്‍ മൃഗീയമായി കീഴ്പ്പെടുത്തിയതുകൊണ്ട് ഇതിന്റെ പ്രിന്റെടുക്കുന്നു.
കോപ്പി റൈറ്റ് ഇഷ്യൂസ് നമ്മുക്ക് പറഞ്ഞു തീര്‍ക്കാം..

അടുത്ത എപ്പി അപ്പീ.. പ്ലീസ്...

rahim teekay said...

പോസ്റ്റ് നന്നായിട്ടുണ്ട്.

ചരിത്രവും ഐതിഹ്യവുമായി കെട്ടുപിണഞ്ഞുകിടക്കുന്ന സ്ഥലനാമങ്ങളെക്കുറിച്ചുള്ള അറിവുകള്‍ കൗതുകകരം തന്നെയാണ്.

ശ്രീ. വി.വി.കെ.വാലത്തിന്‍റെ 'കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍' എന്ന ഗ്രന്ഥം കേരളത്തിലെ ജില്ലകള്‍ തിരിച്ച് വാള്യങ്ങളായി കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥലനാമങ്ങളുടെ ചരിത്രത്തെക്കുറിച്ച് ഇന്നു ലഭിക്കാവുന്നതില്‍ വച്ചേറ്റവും മികച്ച റഫറന്‍സാണത്.
(അറിയാത്തവരുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി കുറിച്ചെന്നുമാത്രം.)

അനാഗതശ്മശ്രു said...

പ്രിയ
ഭൂമിപുത്രി
മനു
റഹിം
റെയിന്‍ ഡ്രോപ്സ്
ഗുരുജി

നന്ദി വായിച്ചവര്‍ ക്കെല്ലാം

നിരക്ഷരന്‍ said...

ചരിത്രം മുഴുവനുമുണ്ടല്ലോ ? നന്ദി.
:)