Thursday, May 15, 2008

ഹരിപ്പാട്ടമ്പലം-കൊടിമരം കൂത്തമ്പലം മയില്‍ കൂട് പെരുങ്കുളം ...

ഹരിപ്പാട്ടമ്പലം-കൊടിമരം- കൂത്തമ്പലം -മയില്‍ കൂട് -പെരുങ്കുളം ...

പഞ്ചപ്രാകാരങ്ങളോടുകൂടിയ ക്ഷേത്രസമുച്ചയവും, ലക്ഷണയുക്തമായ കൂത്തമ്പലവും ഇരുപത്തിയെട്ടുകോല്‍ പതിനെട്ടംഗുലം ഉയരമുള്ളതായ കനകക്കൊടിമരവും, തടാകസമാനമായ പെരും കുളവും എല്ലാം ഒത്തുചേരുന്ന ഈ മഹാക്ഷേത്ര സങ്കേതം കേരളീയ സംസ്കൃതിയും, തനിമയും, പാരമ്പര്യവുമെല്ലാം സമന്വയിച്ചു നില്‍ക്കുന്ന ഒരാദ്ധ്യാത്മിക കേന്ദ്രം കൂടിയാണ്‌.
ശ്രീ പത്മനാഭദാസന്‍ വീരമാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്‌ തിരുമനസ്സുകൊണ്ട്‌ 1734-46 കാലഘട്ടത്തില്‍ വേണാടിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിലേക്കായി കായംകുളം രാജ്യവും ചെമ്പകശ്ശേരി രാജ്യവും പിടിച്ചടക്കിയശേഷം ഹരിപ്പാട്‌ മഹാക്ഷേത്രത്തിന്റെ ഭരണം തിരുവിതാംകൂര്‍ മഹാരാജാവിന്റെ അധികാര പരിധിയിലാക്കുകയുണ്ടായി. പിന്നീട്‌ തിരുവിതാംകൂര്‍ ഭരിച്ചിട്ടുള്ള എല്ലാ മഹാരാജാക്കന്മാരും ഹരിഗീതപുരേശന്റെ ഭക്തന്മാരായിരുന്നു.
ചിത്തിര ഉത്സവം ക്ഷേത്ര കലകളുടെ സംഗമ വേദിയാണ്‌. കൂത്ത്‌, പാഠകം, കഥകളി, ഒാട്ടന്‍ തുള്ളന്‍, അഷ്ടപദി, വേലകളി, സോപാന സംഗീതം, നാദസ്വരം എന്നിവയ്ക്കൊപ്പം ഭഗവദ്‌ ഗീതയേയും ഭാഗവതത്തേയും അധികരിച്ചുള്ള പ്രഭാഷണങ്ങളും ഇവിടെ പതിവാണ്‌. പരമ്പരാഗതമായി ഇവിടെ കലാപരിപാടികള്‍ നടത്താന്‍ അവകാശം ലഭിച്ചിരുന്ന കുടുംബങ്ങളുണ്ട്‌. ദേവസ്വം ബോര്‍ഡ്‌ ഇവര്‍ക്കെല്ലാം ചെറിയ തോതില്‍ പ്രതിഫലം നല്‍കുന്ന പതിവ്‌ നിലനില്‍ക്കുന്നു. കാലക്രമത്തില്‍ ആചാരങ്ങള്‍ക്കും കീഴ്പതിവുകള്‍ക്കും മാറ്റമുണ്ടായിട്ടും ഇവിടെ ക്ഷേത്ര കലകള്‍ അവതരിക്കപ്പെടുന്നു.

ഒരേ സമയം മൂന്ന് വേദികളില്‍ കഥകളി അരങ്ങേറുന്ന പതിവ്‌ ഹരിപ്പാട്ടുണ്ടായിരുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ആനക്കൊട്ടില്‍ , ക്ഷേത്ര സങ്കേതത്തിലെ താല്‍കാലിക സ്റ്റേജ്‌, മതില്‍ക്കെട്ടിന്‌ പുറത്ത്‌ വടക്ക്‌ കിഴക്കുള്ള കല്‍മണ്ഡപം എന്നിവിടങ്ങളിലാണ്‌ ഒരേ സമയം കഥകളി നടന്നിരുന്നത്‌. കഥകളി ആസ്വാദകര്‍ തങ്ങളുടെ അഭിരുചിക്കിണങ്ങുന്ന കഥകള്‍ കാണുന്ന പതിവായിരുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ വലിപ്പത്തില്‍ മൂന്നാം സ്ഥാനമാണ്‌ ഹരിപ്പാട്‌ ക്ഷേത്രത്തിലെ കൂത്തമ്പലത്തിനുള്ളത്‌. കൊല്ലവര്‍ഷം 944-ല്‍ കുമാരന്‍ തമ്പി യജമാനന്‍, കൊച്ചപ്പന്‍ പിള്ള ജയമാനന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ചു സമര്‍പ്പിച്ചതാണ്‌ ഇപ്പോഴത്തെ കൂത്തമ്പലമെന്ന് ക്ഷേത്രരേഖകള്‍ .കോട്ടയം പൊതിയില്‍ ചാക്യാന്മാര്‍ക്കാണ്‌,
ഹരിപ്പാട്‌ ക്ഷേത്രത്തില്‍ കൂത്തു പറയാനുള്ള അവകാശം. മുമ്പ്‌ ചിത്തിര, മാര്‍കഴി ആവണി ഉത്സവങ്ങളില്‍ എട്ടു ദിവസവും കര്‍ക്കടകമാസത്തില്‍ എല്ലാ ദിവസവും ഇവിടെ കൂത്ത്‌ നടത്താറുണ്ടായിരുന്നു. ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ടു ദിവസം. ദശാവതാരങ്ങള്‍, ശ്രീകൃഷ്ണാവതാരം, ബാലലീലകള്‍, കംസനിഗ്രഹം എന്നിവയെല്ലാം കൂത്തമ്പലത്തിലെ ദാരുശില്‍പങ്ങളില്‍ കാണാം. കേരളത്തിലെ ക്ഷേത്ര ശില്‍പങ്ങളില്‍ പലയിടത്തും കാണാത്ത തരത്തിലെ അത്യപൂര്‍വ ശില്‍പങ്ങള്‍ ഇവിടെയുണ്ട്‌.' ഭഗവദജ്ജുകീയം' എന്ന കൂടിയാട്ട കഥ 16 ശില്‍പങ്ങളിലായി ചിത്രീകരിച്ചിരുക്കുന്നതാണ്‌ ഇതിലൊന്ന്.
കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും ഉയരമുള്ള സ്വര്‍ണക്കൊടിമരം ഹരിപ്പാട്ടാണ്‌. 28 കോല്‍ 18 അംഗുലമാണ്‌ ഉയരം. ഹരിപ്പാട്ടെ ക്ഷേത്രക്കുളത്തിന്‌, കേരളത്തിലെ ഏറ്റവും വിസ്തൃതിയുള്ള ക്ഷേത്രക്കുളമെന്ന് പെരുമയുണ്ട്‌. ആറു കുളപ്പുരകളാണ്‌ ഇതിനുള്ളത്‌. അഞ്ചേക്കറാണ്‌ വിസ്തൃതി.
ഹരിപ്പാട്‌, ഹരിഗീതപുരം ഹരിഗീതേശപുരം എന്നീ പേരുകളിലും പ്രസിദ്ധമായ ഹരിപ്പാട്‌ ഗ്രാമം കലാസാഹിത്യ രംഗങ്ങളിലും പ്രശസ്തമാണ്‌. വിഖ്യാതനായ കേരളകാളിദാസര്‍ കേരളവര്‍മ്മ വലിയകോയിതമ്പുരാന്‍ അനന്തപുരം കൊട്ടാരത്തില്‍ തടവില്‍ പാര്‍ത്ത വേള (ആ വിശ്ചിന്താഭരനവനരിപ്പാട്ടുവാണോരു കാലം) മയൂര സന്ദേശം എന്ന ചരിത്രപ്രസിദ്ധമായ ഖണ്ഡകാവ്യ രചനക്കുനിദാനമായിതീര്‍ന്ന കഥ മഹാസാഹിത്യ സംഭവമാണ്‌.
സന്ദേശഹരനായത്‌ ഹരിപ്പാട്‌ ക്ഷേത്രാധീശനായ ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ മയൂരം ആണെന്നത്‌ ഇന്നാട്ടുകാര്‍ക്കെല്ലാം അഭിമാനാഹ്ലാദവിഷയമാണ്‌.
ചിത്തിര ഉത്സവം ക്ഷേത്രത്തിലെ മയിലുകള്‍ക്കും ഉത്സവകാലമാണ്‌. ദേവസ്വം ബോര്‍ഡിന്റെ നാമമാത്രമായ പടിത്തരത്തിനൊപ്പം, ക്ഷേത്ര ജീവനക്കാരും നിത്യേന ക്ഷേത്രത്തിലെത്തുന്നവരും കൈയയച്ച്‌ സഹായിക്കുന്നതിനാലാണ്‌, മയിലുകള്‍ക്ക്‌ അന്നം കിട്ടുന്നത്‌ .
ഉത്സവകാലമായപ്പോള്‍, ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍, ഇവിടത്തെ മയിലുകളെ തീറ്റിപ്പോറ്റാന്‍ മത്സരിക്കുകയാണ്‌. ക്ഷേത്രതിന്റെ വടക്കു കിഴക്കു ഭാഗത്ത്‌ , ശാസ്ത്രീയമായി നിര്‍മ്മിച്ച മയിക്കൂട്ടില്‍, ഇപ്പോല്‍ രണ്ട്‌ മയിലുകളാണുള്ളത്‌.
ഭക്തര്‍ നടായ്ക്കുവെയ്ക്കുന്ന മയിലുകളാണ്‌ ഇവിടെ വളര്‍ത്തുക. ചെറിയ ഊട്ടുപുരയോട്‌ ചേര്‍ന്നുള്ള മുറിയാണ്‌ മുമ്പ്‌ മയില്‍ക്ക്ക്കൂടായി ഉപയോഗിച്ചിരുന്നത്‌. ഇവിടെ മയിലുകളെ വളര്‍ത്തുന്നത്‌ സുരക്ഷിതമല്ലാത്തതിനാല്‍ , ദേവസ്വം ബോര്‍ഡ്‌ പുതിയ മയില്‍ക്കൂട്‌ നിര്‍മ്മിച്ചു.
കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‌ മയൂരസന്ദേശമെഴുതാന്‍ പ്രചോദനമായത്‌ ഹരിപ്പാട്ടെ മയിലുകളാണ്‌. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ അപ്രീതിക്ക്‌ പാത്രമായതിനെത്തുടര്‍ന്ന്, ഹരിപ്പാട്ട്‌ അനന്തപുരം കൊട്ടാരത്തില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന കാലത്ത്‌ ഹരിപ്പാട്‌ ക്ഷേത്ര ദര്‍ശനത്തിന്‌ അനുമതിയുണ്ടായിരുന്നു.
അന്ന് ഇവിടെക്കണ്ട മയില്‍ വശം തിരുവനന്തപുരം കൊട്ടാരത്തില്‍ കഴിയുന്ന സഹധര്‍മ്മിണിക്ക്‌ സന്ദേശം അയയ്ക്കുന്ന രീതിയിലായിരുന്നു മയൂരസന്ദേശത്തിന്റെ രചന. 29 പേജുകളിലായി എഴുതിയ മയൂരസന്ദേശത്തിന്റെ കൈയെഴുത്തുപ്രതി ഇന്നും അനന്തപുരം കൊട്ടാരത്തില്‍ സൂക്ഷിക്കുന്നു.

15 comments:

അനാഗതശ്മശ്രു said...

പഞ്ചപ്രാകാരങ്ങളോടുകൂടിയ ക്ഷേത്രസമുച്ചയവും, ലക്ഷണയുക്തമായ കൂത്തമ്പലവും ഇരുപത്തിയെട്ടുകോല്‍ പതിനെട്ടംഗുലം ഉയരമുള്ളതായ കനകക്കൊടിമരവും, തടാകസമാനമായ പെരും കുളവും എല്ലാം ഒത്തുചേരുന്ന ഈ മഹാക്ഷേത്ര സങ്കേതം കേരളീയ സംസ്കൃതിയും, തനിമയും, പാരമ്പര്യവുമെല്ലാം സമന്വയിച്ചു നില്‍ക്കുന്ന ഒരാദ്ധ്യാത്മിക കേന്ദ്രം കൂടിയാണ്‌

new post

ഗുരുജി said...

ആദ്യത്തെ കമന്റ്‌ എന്റെ വക. ഞാന്‍ ഇപ്പോള്‍ ഇവിടെ പതിവാണ്‌. ഇതൊന്നുമറിയാത്തെയാണ്‌ ഞാന്‍ ഇത്രയും വളര്‍ന്നത്‌...എന്തെല്ലാം പുത്തനറിവുകള്‍..കൂടുതല്‍ പറയൂ..

Anonymous said...

thank u for the information provided about the temple........
wish u all the best......

regards

jp vettiyattil
prakashettan@gmail.com
trichur, 15th may 2008

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഹരിപ്പാട്ടമ്പലത്തിന്റെ പെരുംകുളമാണ് കേരളത്തിലെ ഏറ്റവും വലിയ അമ്പലക്കുളം എന്നെവിടെയോ വായിച്ചതോര്‍ക്കുന്നു.
ഏതായാലും പുരാതനമായവിളക്കുകള്‍ രാഷ്റ്റ്രീയക്കാരും , ദേവസ്വക്കാരും കൂടി നന്നാ‍ക്കിയ -(ആക്കിയ) ആ കഥ കൂടി കൊടുക്കാമായിരുന്നു-

എതിരന്‍ കതിരവന്‍ said...

സ്ഥലനാമത്തെപ്പറ്റി:
കേരളത്തിലെ ഒരു സ്ഥലത്തിനും സംസ്കൃതപ്പേര്‍ വരാന്‍ സാദ്ധ്യതയില്ല. പുരാണവുമായി ബന്ധപ്പെടുത്തി അതിലെ സംഭവങ്ങള്‍ കേരളത്തില്‍ നടന്നതാണെന്ന അനുമാനം വിശ്വസനീയവുമല്ല. ഖാണ്ഡവദാഹവും മറ്റും മണ്ണാര്‍ശാല ആണ്‍ നടന്നതെന്നു കണക്കുകൂട്ടുന്നത്‍ മിത് സൃഷ്ടിയ്ക്കാനുള്ള വ്യഗ്രത കാട്ടിത്തരുന്നു.
അരിപ്പാട് എന്നാണ് പണ്ടത്തെ പുസ്തകങ്ങളില്‍ കാണുന്നത് (ഉള്ളൂര്‍, സാഹിത്യചരിത്രം) അതിന്റെ സംസ്കൃതീകരിച്ച പേരായിരിക്കണം ഹരിപ്പാട്. കവികളാണ് മലയാളം പേരുകള്‍ സംസ്കൃതീകരിക്കാറ്.


വിഗ്രഹത്തെപ്പറ്റി ക്ഷേത്രവിജ്ഞാനകോശത്തില്‍ കാണുന്നത്:

ചതുര്‍ബാഹുവാണ് വിഗ്രഹം. സുബ്രഹ്മണ്യന്റേതെന്നു തികച്ചും പറയാന്‍ വയ്യ. വിഷ്ണുവിന്റേയും ശിവന്റേയും സ്വരൂപങ്ങള്‍ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമമായിരുന്നിരിക്കണം. ഉത്സവം വിഷ്ണു സങ്കല്‍പ്പത്തില്‍ ചിങ്ങത്തില്‍ തിരുവോണം ആറാട്ടായും ശിവസങ്കല്‍പ്പത്തില്‍ ധനുവിലെ തിരുവാതിര ആറാട്ടായും. ശാസ്താവിനു വേണ്ടി പണിതക്ഷേത്രമാണെന്നും ഐതിഹ്യം.

കൂത്തമ്പലത്തിന്റേയും പെരുംകുളത്തിന്റേയും മറ്റും കൂടുതല്‍ ചിത്രങ്ങള്‍ പ്രതീക്ഷിക്കട്ടെ? ‘ഭഗവദ്ദജുകം’ കൊത്തുപണികളും? (ഭഗവദ്ദജ്ജുകീയം എന്നല്ല)

ഗുരുജി said...

സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും
എന്റെ നാടിന്‍ പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും
നിന്‍മുഖവും അതില്‍ പൂക്കും..അപ്പു എന്ന സിനിമയിലെ ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍........

അനാഗതശ്മശ്രു said...

ഐതിഹ്യങ്ങളെ പറ്റി തര്‍ ക്കിക്കാന്‍ ഞാനില്ല..
സ്വാതിതിരുനാളിന്റെ ഒരു കീര്‍ ത്തനം ..ഹരിഗീതപുരം വരുന്നതു..അടുത്ത പോസ്റ്റിലൊന്നില്‍ ചേര്‍ ക്കുന്നുണ്ട്..
ഞാന്‍ കേട്ടതും വായിച്ചതും എഴുതുന്ന ഒരു പോസ്റ്റ് മാത്രമായി ഇതിനെ കാണുമല്ലൊ..
മണ്ണാറശാലയെപറ്റ് കൊട്ടാരം ശങ്കുണ്ണി എഴുതി വെച്ചതു വായിച്ചതു എഴുതിയതേയുള്ളൂ..
ക്ഷേത്രവിജ്ഞാന കോശവും എഴുതിയതു ഇങ്ങിനെയൊക്കെ തന്നെ ആവില്ലേ?
ഭഗവജ്ജുകം ..എനിക്കത്ര അറിയില്ല...
തിരുത്തിയതിനു നന്ദി....

ഈയിടെ ഞാന്‍ ചടയമം ഗലം (കൊട്ടാരക്കരക്കടുത്തു ) പോയപ്പോള്‍ അവിടുത്തെ വലിയ ഉയരമുള്ള പാറ കാണിച്ചു ഒരാള്‍ അതാണു ജഡായുപ്പാറ..പണ്ടു രാമായണത്തില്‍ ...എന്നു പറയാന്‍ തുടങ്ങിയപ്പോള്‍ അതിന്റെ ഒരു കൌതുകം ...
അതൊരു പ്രത്യേകത യാണു...
ഈ കൌതുകം നമുക്കു എപ്പോഴാ നഷ്ടപ്പെടാന്‍ തുടങ്ങിയതു?

G.manu said...

മറന്നില്ല അങ്കണം നിന്‍ മലര്‍
പാദം പെയ്ത പുളകം..

അടുത്തത് പോരട്ടെ മാഷെ..

Dinesh - Karichal/Abu Dhabi said...

Informative & Good postings.

Best wishes, regards to Jayachandran also

rahim teekay said...

എതിരവന്‍ കതിരവന്‍റെ അഭിപ്രായത്തോട് യോജിക്കാതെവയ്യ.

സ്ഥലനാമങ്ങളുടെ പുറകിലുള്ള, ആധികാരികമോ അടിസ്ഥാനപരമോ അല്ലാത്ത വെറും വാമൊഴി ശീലുകളിലെ മിഥോളജി ചൂഷണം ചെയ്ത് ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളിലെ ഹിഡന്‍ അജണ്ട കാണാതിരുന്നുകൂടാ.

കാലങ്ങളായി ചൊല്ലിപ്പതിഞ്ഞ ചടയമംഗലം 'ജഡായുമംഗലം' ആക്കിമാറ്റുവാനുള്ള ചിലരുടെ ശ്രമങ്ങള്‍ പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. അതും നമ്മുടെ കൗതുകങ്ങള്‍ക്കപ്പുറത്ത്, മറ്റോന്നല്ലതന്നെ.

തൃശൂര്‍ ജില്ലയിലെ 'പാഴായി' എന്ന കൊച്ചുഗ്രാമത്തിന്‍റെ പേര് ചിലരുടെ നിരന്തര ഇടപെടലുകളെത്തുടര്‍ന്ന് 'പാലാഴി' യായി രൂപാന്തരം പ്രാപിച്ചുവരുന്ന കാര്യം എന്‍റെയൊരു സുഹൃത്ത് മുന്‍പ് പറഞ്ഞത് ഓര്‍മ്മവരുന്നു.

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Anonymous said...

തീർഥയാത്ര എന്ന ബ്ലോഗർ പേജിലെ പുതിയ പോസ്റ്റ്‌ ആയ ഹരിഗീത പുതലദീപയിലേയ്ക്ക് ഈ ബ്ലോഗർ പോസ്റ്റിൽ നിന്ന് ചില വിവരങ്ങൾ കടം കൊള്ളുന്നു സദയം ക്ഷമിക്കുക സഹകരിക്കുക. ഹരിഗീതപുരേശന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ.